അകില് |
ഔഷധം
തടിയും എണ്ണയുമാണ് പ്രധാന ഔഷധങ്ങള്‍. അകില് മരത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ വൃണം, വിഷം, കുഷ്ഠം, ചൊറി എന്നീ അസുഖങ്ങള്‍ക്കെതിരെയുള്ള ഔഷധമായി ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്നു.
കൂടാതെ അരിമ്പാറ, ആണിരോഗം തുടങ്ങിയസുഖങ്ങള്ക്ക് പൊല്കാരം അകിലിന്റെ എണ്ണ ചേര്‍ത്ത് ചാലിച്ച് പുരട്ടുന്നു. ഇതിന്റെ തടിച്ചീളുകളും തടിപൊടിച്ചെടുത്ത ചൂര്ണവും സുഗന്ധ ധൂപനത്തിന് ഉപയോഗിച്ചുവരുന്നു. ഈ ധൂപനം വ്രണരോപണത്തിനും അന്തരീക്ഷത്തിലുള്ള അണുക്കളെ നശിപ്പിക്കുന്നതിനും സഹായകമാണ്. കൂടാതെ തകരയുടെ വേര് അകിലെണ്ണയില്‍ അരച്ച് നെറ്റിയില്‍ തേച്ചുപിടിപ്പിച്ചാല്‍ തലവേദന മാറുന്നതായി ആയുര്‍വേദത്തില്‍ പറയുന്നു.
സുഗന്ധലേപനം
അറബികള്‍ക്ക് ഏറ്റവും പ്രിയം നിറഞ്ഞ സുഗന്ധലേപനമാണ് ഊദ്.മരത്തടി, കൊള്ളി എന്നാണ് ഊദ് എന്ന വാക്കിനര്‍ഥം. അകില് ഉള്‍പ്പെടുന്നതും ഊദിനെയാണ്. കമ്പോഡിയ, ഇന്ത്യയിലെ ആസാം എന്നിവിടങ്ങളില്‍ ഊദ് സമൃദ്ധമായി ഉത്പാദിപ്പിക്കുന്നത്.
ഏകദേശം 20 വര്‍ഷത്തോളം വളര്‍ച്ചയെത്തിയ അകില് മരത്തിന്റെ ചില ശാഖകളില്‍ ഒരുതരം ഫംഗസ് രോഗം പിടിപെടുകയും രോഗം ബാധിച്ച ശാഖ ക്രമേണ കറുക്കുകയും സുഗന്ധവാഹിയായി തീരുകയും ചെയ്യുന്നു. ഇതില്‍ സുഗന്ധം തങ്ങിനില്ക്കുന്ന കറ ആല്‍ക്കഹോളിക സ്വേദനത്തിന് വിധേയമാകുമ്പോള്‍ ബാഷ്പശീലമുള്ള തൈലം ലഭിക്കുന്നു. ഈ തൈലം അഗര്‍ അഥവാ അഗര്‍ അത്തര്‍ എന്നപേരില്‍ അറിയപ്പെടുന്നു. അഗര്‍ എന്ന സുഗന്ധതൈലം ലഭിക്കുന്നതിനാലാണ് ഈ വൃക്ഷത്തിന് അഗര്‍ എന്ന പേര് സിദ്ധിച്ചത്. ഈ തൈലം സുഗന്ധ ലേപനങ്ങളില്‍ ചേര്‍ക്കാറുണ്ട്. ഊദും ഊദിന്റെ അത്തറും എന്ന പേരില്‍ ഇത് പ്രസിദ്ധമാണ്.
No comments:
Post a Comment